500 പ്രവാസികൾ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ഒമാൻ എയർ

മസ്‌കത്ത്: 500 പ്രവാസികൾ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ഒമാൻ എയർ. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാൻ എയർ, ഒമാൻ എയർപോർട്ട്സ് ചെയർമാനുമായ മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മഅ്വലി ആണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഒമാൻ എയറിൽ ജോലി ചെയ്തിരുന്നത് 4,300 ജീവനക്കാരായിരുന്നു. സമാനമായ ഫ്ലീറ്റ് സേവനങ്ങൾ നടത്തുന്ന വിമാന കമ്പനികളെക്കാൾ ശരാശരിയിലും കൂടുതലായിരുന്നു ഒമാൻ എയറിലെ ജീവനക്കാരുടെ എണ്ണം. ജീവനക്കാരിൽ ഏകദേശം 45 ശതമാനവും കോഓപ്പറേഷൻ നടപടികൾ നേരിട്ട് ഉൾപ്പെട്ടിട്ടില്ലാത്ത അസൈൻമെന്റ് ജീവനക്കാർ മാത്രമായിരുന്നു. ഈ സാഹചര്യത്തിൽ 1,000 ജീവനക്കാരെ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അവരുടെ തസ്തികകൾ അനാവശ്യമോ നേരിട്ടുള്ള പ്രവർത്തനം ആവശ്യമില്ലാത്തതോ ആയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി തുടക്കത്തിൽ വൊളന്ററി റിട്ടയർമെന്റ് പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇതിൽ 310 ജീവനക്കാർ ഓഫർ സ്വീകരിച്ചു. ശേഷിക്കുന്ന ജീവനക്കാർക്ക് ഒമാൻ എയർ, അതേ ശമ്പളത്തോടെയും എന്നാൽ, ക്രമീകരിച്ച ജോലി ശീർഷകങ്ങളും കുറഞ്ഞ ആനുകൂല്യങ്ങളും ഉള്ള ബദൽ തൊഴിൽ അവസരങ്ങൾ നൽകിയതായും എൻജി. സഈദ് ബിൻ ഹമൂദ് അൽ മഅ്വലി കൂട്ടിച്ചേർത്തു.