681,000-ലധികം പുസ്തകങ്ങൾ; 29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം

മസ്‌കത്ത്: 29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലാണ് മേള നടക്കുന്നത്. മെയ് 3 വരെയാണ് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള നടക്കുക. 35 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 674 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. മേളയുടെ സമയം രാവിലെ പത്തുമണി മുതൽ രാത്രി പത്തുമണി വരെയാണ്.

പുസ്തകമേള ഉദ്ഘാടനം ചെയ്തത് സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സെയ്ദാണ്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം നടന്നത്. ഈ വർഷത്തെ പുസ്തകമേള നടക്കുന്നത് ‘സാംസ്‌കാരിക വൈവിധ്യവും നാഗരികതകളുടെ സമ്പന്നതയും’ എന്ന വിഷയത്തിലാണ് നോർത്ത് ഷർഖിയ ഗവർണറേറ്റാണ് ഈ എഡിഷന്റെ ഗസ്റ്റ് ഓഫ് ഹോണർ.

35 രാജ്യങ്ങളിൽ നിന്നുള്ള 674-ലധികം പ്രസാധക സ്ഥാപനങ്ങൾ മേളക്കെത്തും. 640 സ്ഥാപനങ്ങൾ നേരിട്ടും 34 സ്ഥാപനങ്ങൾ പരോക്ഷമായുമാണ് പങ്കെടുക്കുക. 681,000-ലധികം പുസ്തകങ്ങൾ മേളയിലുണ്ടാകും.