ഷാജി എൻ കരുണിന് വിടച്ചൊല്ലി സിനിമാ ലോകം

തിരുവനന്തപുരം: സംവിധായകൻ ഷാജി എൻ കരുണിന് വിടച്ചൊല്ലി സിനിമാ ലോകം. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ ‘പിറവി’ എന്ന വീട്ടിൽ വച്ചാണ് അന്തരിച്ചത്. 73 വയസായിരുന്നു. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. നിലവിൽ കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു. ഛായഗ്രാഹകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയ, അന്തർ ദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ കരുൺ. 1952ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. പള്ളിക്കര സ്‌കൂൾ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 1975ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.

പിന്നീട് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. ഈ സമയത്താണ് പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ഷാജി എൻ കരുൺ ചേരുന്നത്. തുടർന്ന് കെ ജി ജോർജ്ജ്, എം ടി വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരുടെ സിനിമകൾക്കായി അദ്ദേഹം ക്യാമറ ചലിപ്പിച്ചു.

40 ഓളം സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു. ഷാജി, പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം ഉൾപ്പെടെ അദ്ദേഹം നേടി. പിറവി എന്ന സിനിമയിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ സംവിധായകനായി മാറിയത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള മലയാളചിത്രമാണ് പിറവി. സ്വം എന്ന ചിത്രം കാൻ മേളയിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ആദ്യ മലയാള ചലച്ചിത്രമാണ്.

2011ൽ പത്മശ്രീ അവാർഡിന് ഷാജി എൻ കരുൺ അർഹനായി. മലയാള ചലച്ചിത്ര മേഖലയിലെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.