
മസ്‌കത്ത്: ഒമാനിൽ ഫാക് കുർബ സംരംഭത്തിലൂടെ ഇത്തവണ 1088 പേർക്ക് ജയിൽ മോചനം സാധ്യമാക്കി. ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഗവർണറേറ്റുകളിലെ ജയിലിൽ കഴിഞ്ഞവരാണ് മോചിതരായിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ക്യാംപെയ്ൻ കൊണ്ടാടാനും കൂടുതൽ പേർക്ക് മോചനം സാധ്യമാക്കാനും ആഗ്രഹിക്കുന്നതായും അസോസിയേഷൻ ചെയർമാൻ ഡോ ഹമദ് ബിൻ ഹമദ് അൽ റുബാഇ അറിയിച്ചു.
ഈ വർഷം മോചനം നേടിയവരിൽ കൂടുതൽ പേരും വടക്കൻ ബാത്തിനയിലാണ്. 334 തടവുകാരാണ് വടക്കൻ ബാത്തിനയിൽ നിന്നും മോചിതരായത്. മസ്‌കത്ത് (242), ദാഹിറ (65), ബുറൈമി (60), തെക്കൻ ശർഖിയ (67), തെക്കൻ ബാത്തിന (95), ദാഖിലിയ (102), വടക്കൻ ശർഖിയ (46), ദോഫാർ (57), അൽ വുസ്ത (16) എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിൽ നിന്നും മോചനം നേടിയവരുടെ എണ്ണം.
ആയിരക്കണക്കിന് പേരെയാണ് കഴിഞ്ഞ കാലങ്ങളിൽ ഉറ്റവരുടെ സ്നേഹ തണലിലേക്ക് മടക്കിയെത്തിക്കാൻ സാധിച്ചത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.
ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. പൊതു, സ്വകാര്യ മേഖലയിൽ നിന്ന് പദ്ധതിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. പദ്ധതിക്ക് നേതൃത്വം നൽകുന്നത് ഒമാൻ ലോയേഴ്സ് അസോസിയേഷനാണ്. ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത് പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ്.