ഒമാനിൽ ചൂട് ഉയരുന്നു; സുഹാറിൽ രേഖപ്പെടുത്തിയത് 44.7 ഡിഗ്രി സെൽഷ്യസ് താപനില

മസ്‌കത്ത്: ഒമാനിൽ ചൂട് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44.7 ഡിഗ്രി സെൽഷ്യസ് താപനിലയാണ് സുഹാറിൽ രേഖപ്പെടുത്തിയത്. ഈ വർഷം ഒമാനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സുവൈഖിൽ 44.4 ഡിഗ്രി സെൽഷ്യസും സൂറിൽ 44.1 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ താപനില. അതേസമയം, രാജ്യത്തെ ചില മേഖലകളിൽ തണുത്ത കാലാവസ്ഥയും അനുഭവപ്പെടുന്നുണ്ട്.

ഒമാനിൽ ഈ വർഷം നേരത്തെ തന്നെ കടുത്ത ചൂട് അനുഭവപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. സാധാരണ ഏപ്രിൽ മാസങ്ങളിൽ ഇത്രയധികം ചൂട് അനുഭവപ്പെടാറില്ല. മെയ് മധ്യത്തോടെയാണ് രാജ്യത്തെ കനത്ത ചൂട് അനുഭവപ്പെടുക. ജൂൺ, ജൂലൈ മാസങ്ങളിലും രാജ്യത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ചൂട് വർദ്ധിച്ചതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാക്കുകളും തിരക്ക് ഒഴിയാൻ തുടങ്ങിയിട്ടുണ്ട്. പകൽ സമയങ്ങളിൽ വ്യാപാര കേന്ദ്രങ്ങളിലും ഹൈപ്പർ മാർക്കറ്റുകളിലും തിരക്ക് കുറവാണ്.