
മസ്‌കത്ത്: രാജ്യത്ത് ഒരു വർഷം പൂർത്തിയാക്കുന്ന മുഴുവൻ വാണിജ്യ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു സ്വദേശി പൗരനെയെങ്കിലും നിർബന്ധമായും നിയമിക്കണമെന്ന നിർദേശവുമായി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഇതിനായുള്ള ഒരു തൊഴിൽ പദ്ധതി ഒരു മാസത്തിനുള്ളിൽ മന്ത്രാലയത്തിൽ സമർപ്പിക്കേണ്ടതുണ്ടെന്നും നിർദേശമുണ്ട്. പത്തോ അതിലധികമോ പ്രവാസി തൊഴിലാളികളുള്ള കമ്പനികൾക്ക് ഈ നിയമനം നടപ്പിലാക്കാൻ മൂന്ന് മാസത്തെ സമയമാണ് ലഭിക്കുക.
എന്നാൽ, പത്തിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സമയം ലഭിക്കും. ബിസിനസുകളുടെ വൈവിധ്യമാർന്ന ശേഷി പരിഗണിച്ചാണ് ഒരു ഒമാനി ജീവനക്കാരനെ നിയമിക്കുകയെന്ന ഈ തീരുമാനം മന്ത്രാലയം എടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലുടനീളം സ്വദേശിവൽകരണത്തിൽ വലിയ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.