
മസ്‌കത്ത്: മസ്‌കത്ത്-കറാച്ചി വിമാന സർവ്വീസുകൾ റദ്ദാക്കിയതായി ഒമാൻ എയർ. പ്രസ്താവനയിലൂടെയാണ് ഒമാൻ എയർ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ വ്യോമാതിർത്തിയും വിമാനത്താവളങ്ങളും ഇടയ്ക്കിടെ അടച്ചിടുന്നത് കാരണം, 2025 മെയ് 10-ന് മസ്‌കത്തിനും കറാച്ചിക്കും ഇടയിലുള്ള WY323/324 വിമാനങ്ങൾ റദ്ദാക്കിയതായി ഒമാൻ എയർ അറിയിച്ചു.
നിലവിൽ, 2025 മെയ് 11 മുതലുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒമാൻ എയർ വ്യക്തമാക്കി. തങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ അനുസരിച്ച് അപ്‌ഡേറ്റുകൾ അറിയിക്കുമെന്നും യാത്രക്കാരുടെയും തങ്ങളുടെ ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് നേരിടേണ്ടി വന്ന അസൗകര്യത്തിന് ഖേദം പ്രകടിപ്പിക്കുന്നുവെന്നും റീ-ബുക്കിംഗ് ഓപ്ഷനുകളും സഹായങ്ങളും നൽകി ഉപഭോക്താക്കളെ പിന്തുണയ്ക്കാൻ വേണ്ടി എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ഒമാൻ എയർ വിശദീകരിച്ചു.