ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ

മസ്‌കത്ത്: നിർമ്മിത ബുദ്ധി (എഐ), സാമ്പത്തിക സാക്ഷരത എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ. അഞ്ചാം ക്ലാസ് മുതലാകും ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. 2025-27 അധ്യയന വർഷത്തേക്കുള്ള അജണ്ടയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ തീരുമാനത്തിന് ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.

ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും സമഗ്രമായ സാമ്പത്തിക സാക്ഷരതാ പരിപാടി ഈ ആഴ്ച മുതൽ തന്നെ നടപ്പാക്കും. സാമ്പത്തികപരമായ തത്വങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകൽ, സ്വന്തം സാമ്പത്തിക കാര്യങ്ങളും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന് പഠിപ്പിക്കൽ തുടങ്ങിയവയാണ് ഈ പദ്ധതി ലക്ഷ്യംവെയ്ക്കുന്നത്.

എഐ പാഠ്യപദ്ധതിയിലൂടെ വിദ്യാർഥികൾക്ക് മെഷീൻ ലേണിംഗ്, അൽഗോരിതങ്ങൾ, എഐ ഉപകരണങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയെക്കുറിച്ച് പ്രാഥമികമായ അറിവ് ലഭിക്കും. പുതുതായി രൂപീകരിച്ച ബോർഡ് സ്പോർട്സ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഒരു സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.