
മസ്‌കത്ത്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി ടെലിഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സംഘർഷങ്ങൾ കുറയ്ക്കുന്നതിലും മേഖലയിൽ സ്ഥിരത വളർത്തുന്നതിലും സുൽത്താനേറ്റ് വഹിച്ച നിർണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
ചെങ്കടലിൽ സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും അമേരിക്കയും സനായിലെ യെമൻ അധികാരികളും തമ്മിലുള്ള പ്രശ്നം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിച്ച ഒമാന്റെ ശ്രമങ്ങളെയും ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകളിൽ ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇത്തരം ഇടപെടലുകൾ നടത്താൻ കാരണം എല്ലാ രാഷ്ട്രങ്ങളുടെയും ക്ഷേമത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഒമാന്റെ പ്രതിബദ്ധതയാണെന്ന് ഒമാൻ സുൽത്താൻ വ്യക്തമാക്കി.