ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ്; വിമാനങ്ങളുടെ എണ്ണവും വർദ്ധിച്ചു

മസ്‌കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ്. വിമാനങ്ങളുടെ എണ്ണത്തിലും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 9% വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.

6% വർധനവാണ് വിമാന സർവീസുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഒമാൻ എയർപോർട്സ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്. ഒമാൻ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഫലമാണ് ഈ വളർച്ചയെന്ന് അധികൃതർ അറിയിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും സലാല വിമാനത്താവളത്തിലുമാണ് പ്രധാനമായും ഈ മുന്നേറ്റം ദൃശ്യമാകുന്നത്.

2025 ഏപ്രിൽ മാസത്തിൽ 1,163,163 യാത്രക്കാരാണ് ഒമാൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,066,942 ആയിരുന്നു.