തജാവുബ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളിൽ നിന്ന് ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടില്ല; മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: ‘തജാവുബ്’ പ്ലാറ്റ്‌ഫോം ഒരിക്കലും ഉപയോക്താക്കളിൽ നിന്ന് ബാങ്കിങ് വിവരങ്ങളോ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളോ ആവശ്യപ്പെടില്ലെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തജാവുബിൽ നിന്നാണെന്ന് തെറ്റിധരിപ്പിച്ച് സ്വകാര്യ സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടുന്ന സന്ദേശങ്ങളെക്കുറിച്ച് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിർദ്ദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ എന്നിവ സമർപ്പിക്കാനുള്ള ഒമാന്റെ ദേശീയ പ്ലാറ്റ്‌ഫോമാണ് ‘തജാവുബ്’. പ്ലാറ്റ്‌ഫോമിലെ പ്രത്യേക ടീമുകൾക്ക് അപേക്ഷകൾ പരിഗണിക്കുന്നതിന് ആവശ്യമായ കൂടുതൽ വിവരങ്ങൾക്കായി ഉപയോക്താക്കളെ ബന്ധപ്പെടാം. എന്നാൽ അത്തരം ആശയവിനിമയങ്ങളിൽ ഒരിക്കലും വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഇത്തരത്തിലുള്ള സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ തട്ടിപ്പായി കണക്കാക്കണം. അവ അവഗണിക്കുകയും ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ഉടൻ തന്നെ അധികാരികളെ അറിയിക്കുകയും ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.