
മസ്‌കത്ത്: ഒമാനിൽ ജൂൺ മുതൽ മധ്യാഹ്ന തൊഴിൽ നിരോധനം. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 നും 3:30 നുമിടയിൽ പുറംതൊഴിലിന് വിലക്കേർപ്പെടുത്തി. തൊഴിൽ സുരക്ഷ, ആരോഗ്യ ചട്ടങ്ങളിലെ ആർട്ടിക്കിൾ 16, ക്ലോസ് രണ്ട് അനുസരിച്ചാണ് നടപടിയെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
ഉച്ചയ്ക്ക് നിർമാണ സ്ഥലങ്ങളിലോ ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിലോ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. മധ്യാഹ്ന തൊഴിൽ നിരോധനം സംബന്ധിച്ച് തൊഴിൽ മന്ത്രാലയം തൊഴിൽ സുരക്ഷ, ആരോഗ്യ വകുപ്പ് വഴി കാമ്പയിൻ ആരംഭിച്ചു.
‘സേഫ് സമ്മർ’ എന്ന പേരിലാണ് കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ഉഷ്ണസമ്മർദ്ദത്തിന്റെ അപകടങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കാമ്പയിനിലൂടെ അവബോധം വളർത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.