
മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ കൊടിമരത്തിന്റെ ഉദ്ഘാടനം ചെയ്തു. അൽ ഖുവൈറിലാണ് 126 മീറ്റർ ഉയരമുള്ള കൊടിമരമുള്ളത്. ‘അൽ ഖുവൈർ സ്‌ക്വയർ’ എന്നാണ് കൊടിമരത്തിന്റെ പേര്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. മസ്‌കത്ത് ഗവർണർ സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് കൊടിമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭ ചെയർമാൻ അഹമദ് ബിൻ മുഹമ്മദ് അൽ ഹുമൈദിയും മറ്റ് ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയാണ് ഇത്. 135 ടൺ സ്റ്റീൽ ഉപയോഗിച്ചാണ് കൊടിമരം നിർമ്മിച്ചിരിക്കുന്നത്.
ഇതിന്റെ പുറം വ്യാസം അടിഭാഗത്ത് 2,800 മില്ലീമീറ്ററും മുകളിൽ 900 മില്ലീമീറ്ററുമാണ്. കൊടിമരത്തിൽ സ്ഥാപിക്കുന്ന ഒമാനി പതാകയ്ക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റ് സംവിധാനവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് മറ്റൊരു പ്രത്യേകത.
പദ്ധതി നടപ്പിലാക്കുന്നത് മസ്‌കത്ത് നഗരസഭയുടെ കീഴിൽ ജിൻഡാൽ ഷദീദ് അയേൺ ആൻർഡ് സ്റ്റീൽ കമ്പനിയുമായി സഹകരിച്ചാണ്. 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ വിവിധ വിനോദ സൗകര്യങ്ങൾ, കായിക സംവിധാനങ്ങൾ, കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന നിരവധി സോണുകൾ എന്നിവയും ഉൾപ്പെടുത്തുന്നുണ്ട്.
അതേസമയം, കൊടിമരം ഒരുക്കിയതിന് പിന്നിൽ മലയാളികളുടെ കയ്യൊപ്പും ഉണ്ടെന്നതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികൾ. പത്തനംതിട്ട സ്വദേശി സുനിൽ സത്യൻ, കൊല്ലം സ്വദേശി അനസ് എ സലാം തുടങ്ങിയവർ പദ്ധതിക്ക് മേൽനോട്ടം വഹിച്ചവരിൽ ഉൾപ്പെടുന്നു.