
സലാല: ഒമാനിൽ മാൻഹോളിൽ വീണ് ഗുരുതര പരിക്കേറ്റ മലയാളി നഴ്സ് മരണപ്പെട്ടു. സലാലക്കടുത്ത് മെസ്യൂണയിലാണ് സംഭവം. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാർ ആണ് മരിച്ചത്. 34 വയസായിരുന്നു. മെയ് 15നാണ് ലക്ഷ്മി മാൻഹോളിൽ വീണത്.
താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ അറിയാതെ മാൻ ഹോളിൽ വീണതാണെന്നാണ് പ്രാഥമിക വിവരം. മാൻ ഹോളിൽ വീണ് ഗുരുതര പരിക്കേറ്റ ഇവരെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
മിനിസ്ട്രി ഓഫ് ഹെൽത്തിൽ സ്റ്റാഫ് നഴ്സാണ് ലക്ഷ്മി. മെസ്യൂണയിലെ ഹെൽത്ത് സെൻററിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ലക്ഷ്മിയുടെ മൃതദേഹം നിലവിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു