
മസ്കത്ത്: രാജ്യത്ത് അവധിക്കാല യാത്രക്കൊരുങ്ങുന്ന സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്നാണ് റോയൽ ഒമാൻ പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. യാത്രക്ക് മുൻപ് രേഖകൾ പരിശോധിക്കുകയും കാലാവധി കഴിഞ്ഞവയാണെങ്കിൽ പുതുക്കുകയും വേണമെന്ന് പൊലീസ് നിർദ്ദേശിച്ചു.
ഐഡന്റിഫിക്കേഷൻ കാർഡ് (റസിഡന്റ്സ് കാർഡ്), പാസ്പോർട്ട് തുടങ്ങിയവയുടെ കാലാവധി പരിശോധിക്കണം. ടിക്കറ്റ് ഉൾപ്പെടെ മറ്റു രേഖകളുടെ സാധുത ഉറപ്പുവരുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ജൂൺ അഞ്ച് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിലാണ് ഒമാനിൽ ബലിപെരുന്നാൾ അവധി.
അവധിക്കാല യാത്ര പുറപ്പെടുന്നവർ തങ്ങളുടെ വീടുകൾ സുരക്ഷിതമാക്കണമെന്നും റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മോഷണം തടയുന്നതിനും വീടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.