
മസ്കത്ത്: ഒമാനിലെ സലാല വിലായത്തിലെ ഇത്തീൻ ടണൽ പദ്ധതിയുടെ ഒരുഭാഗം തുറന്നു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ 1.5 കിലോമീറ്റർ ഭാഗമാണ് വ്യാഴാഴ്ച്ച പുലർച്ചെ തുറന്നു നൽകിയത്. ഖരീഫടക്കമുള്ള തിരക്കേറിയ സമയങ്ങളിൽ ഗതാതക്കുരുക്ക് ഒഴിവാക്കാനും തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത നവംബർ 18 റോഡിന്റെ നിർണായക ഭാഗമാണ്. അൽ സൗദയെ ഔഖാദുമായി ബന്ധിപ്പിക്കുന്നതാണ്. ഗതഗതം സുഗമാക്കുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും വേണ്ടിയാണിത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ ദിശയിലും നാലു പാതകളാണ് ഈ വിഭാഗത്തിലുള്ളത്.
ലൈറ്റിംഗ്, ട്രാഫിക് റിഫ്ളക്ടറുകൾ, ലെയ്ൻ മാർക്കിംഗുകൾ, കോൺക്രീറ്റ്, ഇരുമ്പ് വശങ്ങളിലെ തടസങ്ങൾ തുടങ്ങിയവ പോലുള്ള അത്യാവശ്യ സുരക്ഷാ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.