ഹജ്ജ് തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനം നൽകിയതിന് ഒമാന് പുരസ്‌കാരം

മസ്‌കത്ത്: ഹജ്ജ് തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനം നൽകിയതിന് ഒമാന് പുരസ്‌കാരം. ഒമാനി തീർഥാടകർക്ക് ഒമാൻ ഹജ്ജ് മിഷൻ നൽകിയ ആരോഗ്യ ആസൂത്രണത്തിനും ഉയർന്ന നിലവാരമുള്ള വൈദ്യസഹായത്തിനുമാണ് അംഗീകാരം ലഭിച്ചത്.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മക്കയിലെ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ ‘അല്ലാഹുവിന്റെ അതിഥികൾ’ എന്ന പരിപാടിയിലാണ് അവാർഡ് സമ്മാനിച്ചത്. തീർഥാടകർക്ക് സേവനം നൽകുന്നതിൽ മികച്ച സംഭാവനകൾ നൽകിയ വിശിഷ്ട ഹജ്ജ് കാര്യ ഓഫീസുകളെയും ലാഭേച്ഛയില്ലാത്ത സംഘടനകളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, മറ്റ് വിദഗ്ധർ തുടങ്ങിയവരെല്ലാം സേവനം നൽകി. സൗദി മെഡിക്കൽ അധികാരികളുമായുള്ള ഏകോപനത്തോടെ 24 മണിക്കൂറും ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മെഡിക്കൽ ക്ലിനിക്കും ഈ പ്രതിനിധി സംഘം ഒരുക്കിയിരുന്നു.