
മസ്കത്ത്: സൗദി അറേബ്യയിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഫ്ളൈനാസ്. ഖരീഫ് സീസണിന് മുന്നോടിയായാണ് നടപടി. സലാല വിമാനത്താവളത്തെ സൗദിയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഫ്ളൈനാസിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര റൂട്ടുകൾ ആരംഭിക്കുമെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നാണ് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഫ്ളൈനാസ് ആരംഭിച്ചത്. ഒമാൻ എയർപോർട്സുമായും ട്രാൻസോമുമായും സഹകരിച്ചാണ് സർവീസ് നടപ്പാക്കുന്നത്. സലാലയിലേക്ക് ആകെ ആഴ്ചയിൽ 16 വിമാന സർവീസുകളാണ് ഉണ്ടാകുക.
ഖരീഫ് സീസണിൽ ദോഫാർ മേഖലയിലേക്ക് യാത്രക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.