ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

മസ്‌കത്ത്: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ ആണ് മരിച്ചത്. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജോലിക്കിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

കഴിഞ്ഞ 22 വർഷമായി ഒമാനിൽ ഡയറി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു കൃഷ്ണകുമാർ. ഒമാൻ നാദ ഡയറി കമ്പനിയിൽ രാവിലെ അദ്ദേഹം ഡ്യൂട്ടിക്കെത്തിയിരുന്നു. പഞ്ച് ചെയ്ത ശേഷം സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.

അശ്വിനിയാണ് കൃഷ്ണ കുമാറിന്റെ ഭാര്യ. മകൾ: കൃതി. നിലവിൽ മസ്‌കത്ത് അൽ ഖുവൈർ ബുർജീൽ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ കെഎംസിസി പ്രവർത്തകർ നടത്തിവരികയാണ്.