
മസ്‌കത്ത്: ഇറാൻ- ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഒമാൻ. ലോകമെമ്പാടുമുള്ള വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
പ്രാദേശിക സംഭവ വികാസങ്ങളെ കുറിച്ചും മേഖലയിലെ സംഘർഷങ്ങളെ കുറിച്ചും സംഘർഷം കുറയ്ക്കാനുള്ള വഴികൾ സംബന്ധിച്ച കാഴ്ച്ചപ്പാടുകളെ കുറിച്ചുമാണ് നേതാക്കൾ തമ്മിൽ ചർച്ച നടന്നത്.
അതേസമയം, ഒമാനിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവർ ചില മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഒമാൻ എയർപോർട്‌സ് അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപായി എയർലൈൻസ് അധികൃതരുമായി ബന്ധപ്പെട്ടോ, സൈറ്റുകൾ പരിശോധിച്ചോ വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് എന്താണെന്ന് പരിശോധിക്കണമെന്നാണ് നിർദ്ദേശം. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചില വ്യോമാതിർത്തികൾ അടച്ചിടാനും സർവ്വീസിൽ ചില തടസങ്ങൾ നേരിടാനും സാധ്യതയുണ്ടെന്നും ഒമാൻ എയർപോർട്‌സ് കൂട്ടിച്ചേർത്തു.