
മസ്കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടം സംഭവിച്ചത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിച്ചാണ് അഗ്നിബാധയുണ്ടായത്. ഇറാഖിലെ ബസറ ഓയിൽ ടെർമിനലിൽ നിന്ന് പ്രാദേശിക സമയം ഇന്ന ഒമ്പതരയോടെ പുറപ്പെട്ട കപ്പൽ ഇന്നു പുലർച്ചെ 1.37 നാണ് അപകടത്തിൽ പെട്ടത്.
അഡലിൻ കപ്പലിൽ നിന്ന് 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.
അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.