
മസ്കത്ത്: ഖാരിഫ് സീസണിന് മുന്നോടിയായി ദോഫാർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി. നിയമലംഘനം കണ്ടെത്തിയതിന് തുടർന്ന് ദോഫാർ മുൻസിപ്പാലിറ്റി 5 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പരിശോധന നടന്നത്. ഭക്ഷണം പാകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും മോശം ശുചിത്വവുമായി ബന്ധപ്പെട്ടും 18 നിയമലംഘനങ്ങൾ കണ്ടെത്തി.
വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉൾപ്പെടെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും നടത്തിയ പതിവ് പരിശോധനകൾക്കിടയിലാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് മുൻസിപ്പാലിറ്റി നൽകുന്ന മുന്നറിയിപ്പ്.