
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസിയുടെ കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ ഇന്ന് മുതൽ പുതിയ സേവന ദാതാവായ എസ്ജിഐവിഎസ് ഗ്ലോബൽ സർവീസസിലായിരിക്കും ലഭ്യമാകുക. ഒമാനിലുടനീളം 11 പുതിയ അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും എംബസി വ്യക്തമാക്കി. സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
ആദ്യ ഘട്ടത്തിൽ, എല്ലാ സേവനങ്ങളും അൽ ഖുവൈറിലെ ഡിപ്ലോമാറ്റിക് ഏരിയയിലുള്ള എംബസി പരിസരത്ത് നിന്ന് തന്നെയാകും ലഭിക്കുക. 2025 ആഗസ്റ്റ് 15-ഓടെ ഈ 11 പുതിയ കേന്ദ്രങ്ങളും പൂർണ്ണമായി പ്രവർത്തനക്ഷമമാകും. മസ്കത്ത്, സലാല, സുഹാർ, ഇബ്രി, സുർ, നിസ്വ, ദുഖ്മ്, ഇബ്ര, ഖസബ്, ബുറൈമി, ബർക്ക എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.
2025 ജൂലൈ 1 മുതൽ കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ പുതിയ സേവന ദാതാവായ എസ്ജിഐവിഎസ് ഗ്ലോബൽ സർവീസസ് വഴിയായിരിക്കും ലഭ്യമാക്കുക. മാറ്റത്തിന്റെ ഘട്ടത്തിൽ, എംബസിയിൽ നിന്ന് തന്നെയായിരിക്കും സേവനങ്ങൾ ലഭിക്കുക. 2025 ആഗസ്റ്റ് 15-ഓടെ ഒമാനിലുടനീളം 11 പുതിയ സമർപ്പിത കേന്ദ്രങ്ങൾ തുറക്കും. അപേക്ഷകർ അതനുസരിച്ച് ആസൂത്രണം ചെയ്യാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും നിർദ്ദേശിക്കുന്നുവെന്നും എംബസി കൂട്ടിച്ചേർത്തു.