ഒമാനിൽ ഈന്തപ്പഴ വിളവെടുപ്പ് ആരംഭിച്ചു

മസ്‌കത്ത്: ഒമാനിൽ ഈന്തപ്പഴ വിളവെടുപ്പ് ആരംഭിച്ചു. ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയാണ് വിവിധ ഗവർണറേറ്റുകളിൽ ഈന്തപ്പഴ വിളവെടുപ്പ് സീസൺ. വിളവെടുപ്പ് ആരംഭിക്കുന്നത് ഈന്തപ്പഴത്തിന്റെ നിറം മഞ്ഞയാവുന്നത് മുതലാണ്. വെട്ടിയെടുക്കുന്ന ഈന്തപ്പഴ കുലകൾ കയർ ഉപയോഗിച്ച് നിലത്തിറക്കും. തുടർന്ന് സംസ്‌കരണ സ്ഥലത്തേക്ക് കൊണ്ടുപോകും. നിരവധി കുട്ടികളും സ്ത്രീകളും ഇതിനെ അനുഗമിക്കും.

വലിയ ചെമ്പ് പാത്രത്തിൽ ഇട്ടാണ് വേർതിരിച്ചെടുത്ത ഈന്തപ്പഴം വേവിക്കുന്നത്. 15 മുതൽ 20 മിനുറ്റ് വരെ വേവിച്ചതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ മസ്തിന എന്നറിയപ്പെടുന്ന ഗ്രൗണ്ടിൽ ഉണങ്ങാനിടും. ഇവിടെ അഞ്ച് മുതൽ പത്ത് ദിവസം നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഈന്തപ്പഴം ഉണക്കിയെടുക്കും. കാലാവസ്ഥയുടെ വ്യത്യാസമനുസരിച്ച് ഉണക്കൽ കാലവും നീളും. ഉണങ്ങി കഴിയുന്നതോടെ വിപണനത്തിന് തയ്യാറാവും.