
മസ്‌കത്ത്: രാജ്യത്തേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 18 പേർ ഒമാനിൽ അറസ്റ്റിൽ. റോയൽ ഒമാൻ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായലരെല്ലാം ഇത്യോപ്യൻ പൗരന്മാരാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. അൽ വുസ്ത ഗവർണറേറ്റിലെ പോലീസ് കമാൻഡ് ഹൈമ വിലായത്തിലെ പൊലീസ് സ്‌പെഷ്യൽ ടാസ്‌ക്കുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ നടന്നുവരികയാണെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. നുഴഞ്ഞു കയറ്റം പോലെയുള്ള നിയമ ലംഘനങ്ങൾ കണ്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നു ജനങ്ങളോട് പോലീസ് അഭ്യർഥിച്ചു. അതേസമയം, രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 29 പേരെ കഴിഞ്ഞ മാസം അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. 27 പാക്കിസ്ഥാനികളും ഒരു ഇറാൻ പൗരനും ഒരു ബംഗ്ലാദേശ് പൗരനുമാണ് കഴിഞ്ഞ മാസം അറസ്റ്റിലായത്.