ഉപയോഗിച്ചതും കാലാവധി കഴിഞ്ഞതുമായ ടയറുകൾ ഉപയോഗിക്കരുത് – ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

മസ്‌കത്ത്: ഉപയോഗിച്ചതും കാലാവധി കഴിഞ്ഞതുമായ ടയറുകൾ വാഹനത്തിൽ ഉപയോഗിക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഒമാനിലുടനീളം താപനില വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അതേസമയം, രാജ്യത്തെ 53 ടയർ ഔട്ട്‌ലെറ്റുകളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു, 1,000-ത്തിലധികം ടയറുകൾ കണ്ടുകെട്ടി. അവയിൽ പലതും ഉപയോഗിച്ചതോ കാലാവധി കഴിഞ്ഞതോ ആണെന്ന് അധികൃതർ കണ്ടെത്തി.

1,756 പരിശോധനകളാണ് ഈ വർഷം രാജ്യത്ത് സിപിഎ നടത്തിയത്. ഉപയോഗിച്ച ടയറുകൾ വാങ്ങരുതെന്ന് ഉപഭോക്താക്കളോട് അധികൃതർ അഭ്യർത്ഥിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കടകൾ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആഹ്വാനം ചെയ്തു. കേടായ ടയറുകൾ അപകടങ്ങളിൽ നിത്യേന ഒരു ഘടകമാണെന്ന് റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി. ടയറിന്റെ അവസ്ഥ, നിർമാണ തീയതി, ട്രെഡ് ഡെപ്ത്, തേയ്മാനം എന്നിവ പതിവായി പരിശോധിക്കാനും അംഗീകൃത സർവീസ് സെന്ററുകളിൽ പരിശോധനകൾ നടത്താനും വാഹനമോടിക്കുന്നവരെ ഉപദേശിക്കുകയും ചെയ്തു.

സുരക്ഷിതമല്ലാത്ത ടയർ വിൽപ്പന ഉൾപ്പെടെയുള്ള ലംഘനങ്ങൾക്കുള്ള പിഴ അടുത്തിടെ സിപിഎ വർധിപ്പിച്ചിരുന്നു. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സമീപകാല ഭേദഗതികൾ പ്രകാരം പിഴ 500 റിയാലിൽ നിന്ന് 1,000 റിയാലായാണ് ഉയർത്തിയത്.