
മസ്കത്ത്: ഒമാനിൽ ഡ്രോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി സിവിൽ ഏവിയേഷൻ അതോറിറ്റി. ആവശ്യമായ ലൈസൻസ് നേടാതെയാണ് ഡ്രോൺ ഉപയോഗിക്കുന്നതെങ്കിൽ കനത്ത പിഴ ഇടാക്കുമെന്നാണ് മുന്നറിയിപ്പ്. പെർമിറ്റുകൾ നേടാതെ ഡ്രോണുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. പെർമിറ്റുകളില്ലാതെ ഡ്രോണുകൾ ഉപയോഗിക്കുന്നത് അപകട സാധ്യതകൾ സൃഷ്ടിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഉപയോഗം ഒമാനി വ്യോമാതിർത്തി ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ഡ്രോൺ ഉപയോക്താക്കളും അംഗീകൃത നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും അവശ്യമായ ലൈസൻസുകൾ നേടണമെന്നും അധികൃതർ ആഹ്വാനം ചെയ്തു. ലൈസൻസ് ഇല്ലാതെ ഡ്രോൺ പറത്തിയാൽ 500 റിയാൽ ആണ് പിഴ. സുരക്ഷിതമല്ലാത്ത രീതിയിൽ ഡ്രോണുകൾ ഉപയോഗിച്ചാൽ 600 ഒമാനി റിയാൽ വരെ പിഴ ലഭിക്കും.
സെർബ് പ്ലാറ്റ്ഫോമിലെ രജിസ്ട്രേഷൻ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഡ്രോണുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക. 250 ഗ്രാമിൽ കൂടുതൽ ഭാരമില്ലാത്ത കളിപ്പാട്ട ഡ്രോണുകൾ കെട്ടിടത്തിനകത്ത് ഉപയോഗിക്കാൻ അനുമതി വേണ്ട. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെ രാജ്യത്തേക്ക് ഡ്രോണുകളോ അവയുടെ ഭാഗങ്ങളോ ഇറക്കുമതി ചെയ്യുന്നതും നിർമിക്കുന്നതും നിരോധിച്ചിട്ടുണ്ട്.