ദോഫാറിലെ വാഹനാപകടം; പരിക്കേറ്റവരെ യുഎഇയിലേക്കെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുജൈറ: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ വാഹനാപകടത്തിൽ പരിക്കേറ്റ എമിറാത്തി പൗരന്മാരെ യുഎഇയിലേക്ക് എത്തിച്ചു. പരിക്കേറ്റവരെ വിമാന മാർഗം രാജ്യത്തേക്ക് എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ആ ശുപത്രിയിൽ ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചികിത്സ തുടരുന്നതിനായി ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.

ദോഫാർ ഗവർണറേറ്റിലെ സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇമാറാത്തികൾ ഉൾപ്പെടെ അഞ്ച് പേരാണ് മരണപ്പെട്ടത്. അഞ്ച് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 9 പേർ യുഎഇ സ്വദേശികളാണ്. ഖരീഫ് സീസൺ ആഘോഷിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.