
മസ്‌കത്ത്: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താൻ നടപടികൾ ശക്തമാക്കി സുവൈഖ് മുൻസിപ്പാലിറ്റി. കൊതുകുകൾ പെരുകുന്ന സ്ഥലങ്ങളിൽ നശീകരിണി തളിക്കുക, ഉപേക്ഷിക്കപ്പെട്ടതും കേടായുമായ ടയറുകൾ നീക്കുക, ചോർച്ച പരിഹരിക്കുക, അവബോധ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് മുൻസിപ്പാലിറ്റി നടത്തി വരുന്നത്.
വീട്ടിലും പരിസരത്തും കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകിന്റെ വ്യാപനത്തിന് കാരണമാകും. എയർകണ്ടീഷണർ വെള്ളം ശേഖരിക്കുന്ന ടബ്ബുകൾ, ടയറുകളിൽ അടിഞ്ഞുകൂടിയ വെള്ളം, ജലധാരകൾ, പാത്രങ്ങൾ, മൃഗങ്ങളുടെ വാട്ടർ പ്ലേറ്റുകൾ, ചെടിച്ചട്ടികൾ തുടങ്ങിയവയാണ് കൊതുകിനെ പ്രധാന പ്രചരണ കേന്ദ്രങ്ങൾ. ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. കെട്ടികിടക്കുന്ന വെള്ളം ഒഴുക്കിക്കളയണമെന്നും അധികൃതർ നിർദ്ദേശിച്ചു.