
മസ്‌കത്ത്: രാജ്യത്തെ ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ചില വാണിജ്യ സ്ഥാപനങ്ങൾ പണം ഈടാക്കിയാണ് ഇത്തരം ബാഗുകൾ നൽകുന്നതെന്ന് ശ്രദ്ധയിൽപെട്ട സാഹപചര്യത്തിലാണ് മന്ത്രാലയം ഇത്തരമൊരു നിർദ്ദേശം നൽകിയത്. സൗജന്യ ബാഗ് എന്നത് അടിസ്ഥാന സേവനത്തിന്റെ ഭാഗമാണെന്നും അത് നീക്കം ചെയ്യുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഇത് സംബന്ധിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുകയാണ്. ജൂലൈ ഒന്ന് മുതൽ കൂടുതൽ മേഖലകളിൽ നിരോധനം പ്രാബല്യത്തിൽ വന്നിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോൾ രാജ്യത്ത് നടപ്പിലാക്കുന്നത്.