
മസ്കത്ത്: മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തെ മുങ്ങിമരണ അപകടങ്ങളിൽ 300 ശതമാനം വർധനവുണ്ടായതായി ഒമാൻ. സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തുവിട്ട കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2024 ൽ മുങ്ങിമരണ കേസുകൾ 639 ആയി ഉയർന്നു. 2023 ൽ 166 മുങ്ങിമരണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു വർഷത്തിനിടെ 473 കേസുകളുടെ വർധനവാണുണ്ടായത്.
2022 ൽ ഒമാനിൽ 324 മുങ്ങിമരണ അപകടങ്ങളാണുണ്ടായത്. 2021 ൽ 521 മുങ്ങിമരണ അപകടങ്ങളും 2020 ൽ 361മുങ്ങിമരണ അപകടങ്ങളും രാജ്യത്തുണ്ടായി. വേനൽക്കാല മാസങ്ങളിലാണ് കൂടുതൽ മുങ്ങിമരണങ്ങളും സംഭവിക്കുന്നത്. വേനൽക്കാലത്ത് ചൂട് വർദ്ധിക്കുന്നത് കാരണം ഒമാനിലെ പൗരന്മാരും വിദേശികളും വാദികളും ബീച്ചുകളും സന്ദർശിക്കുന്നത് പതിവാണ്. 2024 ൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായത് വാദികളിലാണ്. കടലുകൾ, ജലപാതകൾ, അണക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ, തുറന്ന ജലസംഭരണികൾ, മഴയെ തുടർന്ന് രൂപപ്പെട്ട അരുവികൾ തുടങ്ങിയവയിലും അപകടങ്ങൾ ഉണ്ടായി.
നീന്തലിലുള്ള വൈദഗ്ധ്യം കുറവ്, കുട്ടികൾ നീന്തുന്ന സമയത്തെ മേൽനോട്ടക്കുറവ്, അപകടകരമായ രീതിയിലുള്ള രക്ഷാപ്രവർത്തനം തുടങ്ങിയവയാണ് മുങ്ങിമരണങ്ങൾ വർധിക്കാനുള്ള കാരണം കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നീന്താൻ ഇറങ്ങുമ്പോൾ സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അധികൃതർ ഉയർത്തിക്കാട്ടി.
അടിയന്തര സാഹചര്യങ്ങളിൽ, പൊതുജനങ്ങൾ ഉടൻ തന്നെ 9999 എന്ന എമർജൻസി നമ്പറിലോ 24343666 എന്ന നമ്പറിൽ CDAA ഓപ്പറേഷൻസ് സെന്ററിലോ ബന്ധപ്പെടണമെന്ന് അതോറിറ്റി അഭ്യർത്ഥിക്കുന്നു.