
മസ്‌കത്ത്: രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്കായി ‘സമ്പാദ്യ സംവിധാനം’ നടപ്പാക്കാനൊരുങ്ങി ഒമാൻ. 2027 ജൂലൈ 19 മുതൽ സംവിധാനം നടപ്പിലാക്കണമെന്നാണ് പുതിയ ഉത്തരവ്. പുതുതായി പുറപ്പെടുവിച്ച റോയൽ ഡിക്രിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക സംരക്ഷണ നിയമത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച 52/2023 നമ്പർ റോയൽ ഡിക്രിയിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് 60/2025 നമ്പർ റോയൽ ഡിക്രി പുറപ്പെടുവിച്ചത്.
ഇൻഷ്വർ ചെയ്ത പ്രവാസിയുടെ അടിസ്ഥാന വേതനത്തിന്റെ 9 ശതമാനം പ്രതിമാസം മാറ്റിവെക്കുന്നതാണ് സേവിംഗ്സ് സിസ്റ്റം. പ്രവാസി ജീവനക്കാർക്കുള്ള സേവനാവസാന ഗ്രാറ്റുവിറ്റിക്ക് പകരമായാണ് സാമൂഹിക സംരക്ഷണ നിയമപ്രകാരമുള്ള സേവിംഗ്സ് സിസ്റ്റം വരുന്നത്.
ഈ സംവിധാനം ഒമാനി ഇതര തൊഴിലാളികൾക്ക് നിർബന്ധമാണ് (ആർട്ടിക്കിൾ 136), അടിസ്ഥാന ശമ്പളത്തിന്റെ 9 ശതമാനമാണ് അവർ നൽകേണ്ടത്. അതേസമയം, പ്രവാസി തൊഴിലാളികളുടെ തൊഴിൽ പരിക്കുകളുടെയും തൊഴിൽ രോഗങ്ങളുടെയും ഇൻഷുറൻസ് ബ്രാഞ്ച് 2026 ന് പകരം 2028 ജൂലൈയിൽ നടപ്പാക്കും.
അസുഖ അവധി, അസാധാരണ അവധി ഇൻഷുറൻസ് ബ്രാഞ്ച് 2025 ന് പകരം 2026 ജൂലൈയിൽ നടപ്പാക്കും.