
മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ ആദ്യത്തെ കോൺസുലാർ വിസ- സേവന കേന്ദ്രം എസ്.ജി.ഐ.വി.എസ് കമ്പനി ആരംഭിച്ചു. ഖുറമിലുള്ള അൽ റെയ്ഡ് ബിസിനസ് സെന്ററിലാണ് കേന്ദ്രം ആരംഭിച്ചത്. പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, അറ്റസ്റ്റേഷൻ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ അപേക്ഷകൾ തുടങ്ങി നിരവധി സേവനങ്ങൾ പുതുതായി ആരംഭിച്ച കേന്ദ്രം കൈകാര്യം ചെയ്യും.
എല്ലാ അപേക്ഷകരും എസ്.ജി.ഐ.വി.എസ് അപ്പോയിന്റ്മെന്റ് ബുക്കിങ് പേജ് വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഒമാനിലുടനീളം ആസൂത്രണം ചെയ്തിട്ടുള്ള 11 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ ആദ്യത്തേതാണ് ഈ സൗകര്യം. സുൽത്താനേറ്റിലുടനീളം കോൺസുലാർ, പാസ്‌പോർട്ട്, വിസ, മറ്റ് പൊതു സേവന ഓഫറുകൾ എന്നിവ വ്യാപിപ്പിക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണിത്.
കഴിഞ്ഞ മാസമാണ് മസ്‌കത്ത് ഇന്ത്യൻ എംബസി വിസ സർവിസ് കേന്ദ്രങ്ങൾ വരുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. എംബസിയുടെ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ പുതിയ സേവന ദാതാവായ എസ്.ജി.ഐ.വി.എസ് ഗ്ലോബൽ സർവിസസിലേക്കും മാറിയിട്ടുണ്ട്.