
മസ്‌കത്ത്: ഒമാനിലെ ഇ-കൊമേഴ്‌സ് മേഖലയിൽ വളർച്ച. 2025 ജൂലൈ പകുതിയോടെ രാജ്യത്ത് 10,500ലധികം ബിസിനസുകൾക്കാണ് ഓൺലൈനായി പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചത്. സോഷ്യൽ മീഡിയയുടെ പിന്തുണയാണ് ഇ-കൊമേഴ്‌സിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണം.
2020- 2025 നും ഇടയിൽ ഇ-കൊമേഴ്‌സ് ലൈസൻസുകളുടെ എണ്ണം 191 ശതമാനം എന്ന വാർഷിക നിരക്കിൽ വളർന്നതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ പിന്തുണയാണ് ഇതിന് പ്രധാന കാരണം. ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ചെറുകിട, ഇടത്തരം സംരംഭകർ സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കുന്നത്. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച ഒമാന്റെ ആദ്യത്തെ ഇ-കൊമേഴ്‌സ് നിയന്ത്രണ ചട്ടക്കൂടും ഇതിനെ കൂടുതൽ പിന്തുണക്കുന്നതാണ്.
മന്ത്രിതല തീരുമാന പ്രകാരമുള്ള ചട്ടങ്ങൾ ഓൺലൈൻ ബിസിനസുകൾക്ക് പ്രവർത്തിക്കുന്നതിനുള്ള നിയമപരമായ അവകാശം നൽകുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഇ-കൊമേഴ്‌സ് വിഭാഗം മേധാവി ഹനാൻ ബിൻത് ഹാമിദ് അൽ ജബ്രിയ അറിയിച്ചു. വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും. പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.