
മസ്‌കത്ത്: രാജ്യത്തുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ക്യാമറ നിരീക്ഷണം വ്യാപിപ്പിക്കാൻ ഒമാൻ. റോയൽ ഒമാൻ ട്രാഫിക് വിഭാഗമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ എഐ ക്യാമറകൾ പ്രധാന കവലകളിലും ഹൈവേകളിലും സ്ഥാപിക്കും. ഇത് നഗര കേന്ദ്രങ്ങളിലും ഗവർണറേറ്റുകളിലും സമഗ്രമായ ട്രാഫിക് നിരീക്ഷണം ഉറപ്പാക്കും. ഉയർന്ന ഗതാഗത തിരക്കും സുരക്ഷാ മുൻഗണനകളുമുള്ള പ്രദേശങ്ങളിലും തിരഞ്ഞെടുത്ത ഹൈവേകളിലും ഈ സംവിധാനങ്ങൾ സജ്ജീകരിക്കും.
വേഗത, സിഗ്നൽ ലംഘനങ്ങൾ, ശ്രദ്ധ തിരിക്കുന്ന ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ ഒന്നിലധികം ലംഘനങ്ങൾ ഒരേസമയം കണ്ടെത്തുന്നതിന് ഈ എഐ സിസ്റ്റം നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. റെക്കോർഡ് ചെയ്ത ഡാറ്റ തത്സമയം കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്യും.