
മസ്‌കത്ത്: തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ച മൂന്ന് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്‌കത്തിലാണ് സംഭവം. മൂന്ന് ശ്രീലങ്കൻ സ്വദേശികളാണ് അറസ്റ്റിലായത്.
മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ഡയറക്ട്രേറ്റ് ജനറൽ ഓഫ് എയർപോർട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മത്ര വിലായത്തിലെ തൊഴിലുടമയുടെ വസതിയിൽ നിന്ന് വീട്ടു ജോലിക്കാരിയുടെ സഹായത്തോടെ സ്വർണ്ണം മോഷ്ടിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള പരാതി. അറസ്റ്റിലായവർക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.