
മസ്‌കത്ത്: സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൺലൈൻ വഴി പരിചയം സ്ഥാപിച്ച് പണം തട്ടിയ സംഘം ഒമാനിൽ അറസ്റ്റിൽ. അഞ്ചംഗ സംഘമാണ് പിടിയിലായത്. ഇരയെ വിളിച്ചുവരുത്തി റൂമിൽ അടച്ചിട്ടാണ് ഇവർ പണം തട്ടിയെടുത്തത്. ഒമാനിലെ ബർക്ക വിലായത്തിലാണ് സംഭവം നടന്നത്.
സത്രീ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൺലൈനിൽ പൗരനുമായി ചാറ്റ് ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. പിന്നീട് തട്ടിപ്പ് സംഘം ഇയാളെ ബർക്കിയിലേക്ക് വിളിച്ചുവരുത്തുകയും ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ഒരു സ്വകാര്യ വസതിയിലെ റൂമിൽ തടഞ്ഞുവെക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ച റോയൽ ഒമാൻ പോലീസ് അതിവിദഗ്ധമായാണ് പ്രതികളെ പിടികൂടിയത്.
തട്ടിക്കൊണ്ടുപോകൽ, ബ്ലാക്ക്മെയിൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് കൂട്ടിച്ചേർത്തു.