
മസ്‌കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ഊർജിതമാക്കി ഒമാൻ. ഇതിന്റെ ഭാഗമായി നോർത്ത് അൽ ഷർഖിയയിൽ പ്ലാസ്റ്റിക് രഹിത മാർക്കറ്റ് സംരംഭത്തിന് തുടക്കം കുറിച്ചു. ജൂലൈ ഒന്ന് മുതലാണ് ഒമാനിൽ പ്ലാസ്റ്റിക് നിരോധനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കാൻ ആരംഭിച്ചത്.
നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലുടനീളമുള്ള ട്രെഡിഷണൽ ഓപ്പൺ എയർ മാർക്കറ്റുകളിലാണ് പ്ലാസ്റ്റിക് രഹിത മാർക്കറ്റ് സംരംഭത്തിന് തുടക്കമായിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗ് ഉപയോഗം കുറയ്ക്കുന്നതിന്റെയും പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം വർദ്ധിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കാൻ ബോധവത്കരണ ക്യാമ്പയിനും അധികൃതർ നടത്തുന്നുണ്ട്.
2027ഓടെ രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഒമാന്റെ നടപടികൾ. 2024 ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനം ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രാബല്യത്തിൽ വന്നിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതൽ ടെക്സ്റ്റൈൽസ് -തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ കടകൾ, ഫർണിച്ചർ സ്റ്റോറുകൾ തുടങ്ങിയവയിലും പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ ഒന്ന് മുതൽ പഴം, പച്ചക്കറി കടകൾ, ഭക്ഷണശാലകൾ, മിഠായി കടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിലൊന്നും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു നിരോധനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി അധികൃതർ നൽകിയിരുന്ന നിർദ്ദേശം. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.