
മസ്‌കത്ത്: അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഒമാനിൽ ഒരാൾ അറസ്റ്റിൽ. ദാഹിറ ഗവർണറേറ്റിലാണ് സംഭവം. കനത്ത മഴക്കിടെ അശ്രദ്ധമായി വാഹനമോടിക്കുകയും അപകടം സൃഷ്ടിക്കുകയും ചെയ്തയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അപകടകരമായ രീതിയിൽ ഇയാൾ വാഹനമോടിച്ചതായാണ് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കുന്നത്.
അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് വിളക്കുകാലിൽ ഇടിച്ച് മറിയുകയുമായിരുന്നു. അപകടസ്ഥലത്ത് നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെടുകയും ചെയ്തു. അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആർഒപി അറിയിച്ചു. അതേസമയം, റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച സംഭവത്തിൽ ഗൾഫ് പൗരനും അറസ്റ്റിലായിട്ടുണ്ട്.
ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയത്. അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കൽ, റോഡ് ഷോൾഡർ ഉപയോഗിച്ച് വാഹനങ്ങളെ മറികടക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.