
മസ്‌കത്ത്: തൊഴിലാളികൾക്ക് ഡബ്ല്യു.പി.എസ് വഴി ശമ്പള കൈമാറുന്നതിന് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ കുറഞ്ഞത് 75 ശതമാനം പേരുടെ വേതനം വേതന സംരക്ഷണ സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യണമെന്നാണ് തൊഴിൽ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.
സെപ്തംബർ മാസം മുതൽ ഇത് നടപ്പാക്കണം. സെപ്റ്റംബറിലെ ശമ്പളം ഒക്ടോബറിൽ വിതരണ ചെയ്യുമ്പോൾ ഈ രീതിയാണ് പിന്തുടരേണ്ടത്. പിന്നീട് സ്ഥാപനത്തിലെ തൊണ്ണൂറ് ശതമാനം പേരുടെ വേതനവും ഡബ്ല്യു.പി.എസ് വഴി ആക്കണം. നവംബറിലെ വേതനം ഡിസംബർ മുതൽ ഈ രീതിയിലാണ് നൽകേണ്ടതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും സാമ്പത്തിക പിഴകളിലേക്ക് നയിച്ചേക്കാവുന്ന ലംഘനങ്ങൾ തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചിരിക്കുന്നത്.