
മസ്‌കത്ത്: ഒമാനിൽ അയക്കൂറ മീൻ (കിങ് ഫിഷ്) പിടിക്കുന്നതിന് താത്ക്കാലിക വിലക്ക്. ഒക്ടോബർ 15 വരെ രണ്ട് മാസത്തേക്കാണ് താത്ക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കാർഷിക, ജലവിഭവ മന്ത്രാലയാണ് ഇക്കാര്യം അറിയിച്ചത്.
അയക്കൂറ മീനുകളുടെ പ്രജനന കാലമായ കാലയളവിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ 65 സെന്റിമീറ്റർ നീളത്തിൽ കുറഞ്ഞ അയക്കൂറ മീനുകൾ പിടിക്കുന്നതിനാണ് വിലക്കുള്ളത്. ഇവ മീൻപിടിത്ത വലയിൽ കുടുങ്ങിയാൽ കടലിലേക്ക് തന്നെ ഉപേക്ഷിക്കണമെന്നാണ് മീൻപിടുത്ത തൊഴിലാളികൾക്ക് മന്ത്രാലയം അധികൃതർ നൽകുന്ന നിർദ്ദേശം. വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, വലിയ അയക്കൂറകൾ രാജ്യത്തെ വിപണിയിൽ ലഭ്യമാകും. അയക്കൂറ കയറ്റുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ഓരോ മീൻ വിതരണ കമ്പനികളിലും നിലവിലുള്ള അയക്കൂറ ശേഖരത്തിന്റെ അളവും മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.