
മസ്‌കത്ത്: ഒമാനിലെ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗിനുള്ള ഏകീകൃത ദേശീയ ആപ്ലിക്കേഷന്റെ പേര് പ്രഖ്യാപിച്ചു. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പൊതുജന പങ്കാളിത്ത കാമ്പയിനിലൂടെ തിരഞ്ഞെടുത്ത ‘ഷാഹിൻ’ എന്ന പേരാണ് പ്രഖ്യാപിച്ചത്. ആപ്ലിക്കേഷന്റെ വിഷ്വൽ ഐഡന്റിറ്റി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 144 പേർ പേര് നിർദേശിക്കാനുള്ള കാമ്പയിനിൽ പങ്കെടുത്തതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ എല്ലാ ഇലക്ട്രിക് വാഹന ചാർജിംഗ് ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി, ഒരൊറ്റ ആപ്ലിക്കേഷനിലൂടെ എല്ലാ ചാർജിംഗ് സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോമായിരിക്കും ഷാഹിൻ. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. ദേശീയ സുസ്ഥിരതാ ശ്രമങ്ങളിൽ ഇ-പങ്കാളിത്തം വർധിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സംരംഭം.
വിവിധ മേഖലകളിൽ നെറ്റ്-സീറോ എമിഷൻ നേടുന്നതിനുള്ള സംരംഭങ്ങളും പദ്ധതികളും മന്ത്രാലയം നടപ്പാക്കിവരികയാണ്.