ഒമാനിൽ അപൂർവ സ്റ്റാമ്പുകളുടെ പ്രദർശനത്തിന് തുടക്കം

മസ്‌കത്ത്: ഒമാന്റെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന സ്റ്റാമ്പ് പ്രദർശനത്തിന് മസ്‌കത്തിൽ തുടക്കം കുറിച്ചു. നാഷണൽ മ്യൂസിയത്തിലാണ് സ്റ്റാമ്പ് പ്രദർശനം നടക്കുന്നത്. 1960കളിലെ ഒമാന്റെ ആദ്യ എണ്ണ കയറ്റുമതി രേഖപ്പെടുത്തുന്ന അപൂർവ സ്റ്റാമ്പുകൾ, അൽ ബുസൈദ് രാജവംശത്തിന്റെ 280-ാം വാർഷികം ആഘോഷിക്കുന്ന പുതിയ സ്മരണിക സറ്റാമ്പുകൾ എന്നിവ പ്രദർശനത്തിൽ കാണാൻ കഴിയും. പ്രദർശനം ഒരുക്കിയിരിക്കുന്നത് ‘സ്റ്റാമ്പ് മുതൽ എൻവലപ്പ് വരെ: പോസ്റ്റ്മാർക്ക് ഉപയോഗിച്ച് രാഷ്ട്രത്തെ വിവരിക്കുന്നു’ എന്ന പേരിലാണ്. നാഷണൽ മ്യൂസിയം, ഒമാൻ പോസ്റ്റുമായി സഹകരിച്ചാണ് പ്രദർശനം നടത്തുന്നത്.

പൈതൃക, ടൂറിസം മന്ത്രാലയത്തിലെ പൈതൃക അണ്ടർസെക്രട്ടറി എൻജിനീയർ ഇബ്രാഹിം ബിൻ സഈദ് അൽ ഖറൂസിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാന പരിപാടി നടന്നത്. ഒക്ടോബർ 16 വരെ പ്രദർശനം തുടരും. ഐക്യരാഷ്ട്രസഭയിലേക്കുള്ള ഒമാന്റെ പ്രവേശനം, അന്താരാഷ്ട്ര ബന്ധങ്ങൾ, അറബ് സാംസ്‌കാരിക തലസ്ഥാനമായി മസ്‌കത്തിനെ തിരഞ്ഞെടുത്തത് പോലുള്ള സാംസ്‌കാരിക നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്ന സ്റ്റാമ്പുകൾ പ്രദർശനത്തിൽ കാണാം. ഒമാനി പൈതൃകം, നയതന്ത്രം എന്നിവ പ്രതിഫലിപ്പിക്കുന്ന സ്റ്റാമ്പുകൾ, 1975-1985 കാലഘട്ടത്തിലെ വിന്റേജ് ഡെപ്പോസിറ്റ് ബോക്‌സ്, എന്നിവയുൾപ്പെടെയുള്ള തപാൽ പുരാവസ്തുക്കളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.