വ്യോമയാന സുരക്ഷ; ആഗോളതലത്തിൽ മികച്ച നേട്ടവുമായി ഒമാൻ, ആദരിച്ച് ഐസിഎഒ

മസ്‌കത്ത്: വ്യോമയാന സുരക്ഷാ രംഗത്ത് ആഗോളതലത്തിൽ നേട്ടം സ്വന്തമാക്കി ഒമാൻ. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നടത്തിയ വിലയിരുത്തലിൽ, മികച്ച മുന്നേറ്റമാണ് ഒമാൻ സ്വന്തമാക്കിയത്. 2020ലെ 133-ാം സ്ഥാനത്തു നിന്ന് 2025-ൽ അഞ്ചാം സ്ഥാനത്തേക്ക് ഒമാൻ എത്തി. 127 രാജ്യങ്ങളെ പിന്നിലാക്കിയാണ് ഒമാൻ ഈ മുന്നേറ്റം നടത്തിയത്.

ഈ മികച്ച പ്രകടനത്തിന് അംഗീകാരമായി ഐസിഎഒ കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് ഒമാന് ലഭിച്ചു. മോൺട്രിയലിലെ ഐസിഎഒ ആസ്ഥാനത്ത് നടന്ന 42-ാമത് ഐസിഎഒ അസംബ്ലിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഈ ബഹുമതി സമ്മാനിച്ചത്.

വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ, ചട്ടങ്ങൾ, ശുപാർശകൾ എന്നിവ പാലിക്കുന്നതിൽ ഒമാൻ കാണിച്ച മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് ഈ സർട്ടിഫിക്കറ്റ്. സുരക്ഷയുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റിലും ജിസിസി രാജ്യങ്ങളിലും ഒമാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 95.95 ശതമാനം ‘എഫക്റ്റീവ് ഇംപ്ലിമെന്റേഷൻ’ സ്‌കോർ ആണ് ഒമാൻ നേടിയത്. ഐസിഎഒയുടെ സുരക്ഷാ നിരീക്ഷണ ചട്ടക്കൂടിന്റെ എട്ട് നിർണായക ഘടകങ്ങളിലും ഒമാൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.