ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കിൽ ഒമാൻ ഇളവുകൾ പ്രഖ്യാപിച്ചു. സ്വദേശികൾക്കും, സാധുവായ വിസ കൈവശമുള്ള പ്രവാസികള്‍ക്കും, നയതന്ത്ര പ്രതിനിധികള്‍ക്കും, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇളവ് അനുവദിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും രാജ്യത്ത് പ്രവേശിച്ച ഉടനെ പി.സി.ആര് പരിശോധനയ്ക്ക് വിധേയമാകണം. ശേഷം ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ ആറാം ദിവസവും വീണ്ടും കൊവിഡ് പരിശോധന നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഒമാന്‍ പുറമെ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.