
മസ്കത്ത്: ട്രാഫിക് സിസ്റ്റംസ് എഫിഷ്യൻസി ഇൻഡക്സിൽ നിർണായക സ്ഥാനം നേടി മസ്‌കത്ത്. ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള ഗതാഗത സംവിധാനങ്ങളുള്ള നഗരം മസ്‌കത്താണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നഗര മാനേജ്മെന്റിലും റോഡ് സുരക്ഷയിലും ഒമാൻ പുലർത്തുന്ന ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്സിൻ അൽ ശുറൈഖിയുടെ നേതൃത്വത്തിൽ ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലുള്ള കാര്യക്ഷമതക്കും സംവിധാനങ്ങൾ ആധുനികവത്ക്കരിക്കുന്നതിനുള്ള റോയൽ ഒമാൻ പൊലീസിന്റെ പരിശ്രമങ്ങൾക്കുമുള്ള അംഗീകാരമാണ് നേട്ടം. ഡിജിറ്റൽ മോണിറ്ററിങ് മുതൽ കാര്യക്ഷമമായ റോഡ് നെറ്റ്‌വർക്കുകൾ വരെയുള്ള നവീകരണങ്ങളാണ് പൊലീസ് നടപ്പിലാക്കിയിരിക്കുന്നത്.
നൂതന സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ എന്നിവയിലൂടെയുള്ള ശ്രദ്ധേയമായ പുരോഗതിയുടെ പ്രതിഫലനമായാണ് റാങ്കിങ് എന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.




