കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനസർവ്വീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രക്ക് നൽകിയ ഇളവും പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
രാജ്യാന്തര വിമാനങ്ങൾ, പ്രധാനമായും അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവ കൃത്യമായി പരിശോധിക്കാനും മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി പരിശോധനകൾ നടത്താനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും പുന:രാരംഭിക്കാൻ തീരുമാനിച്ചിരുന്നു. വാണിജ്യവിമാനങ്ങൾ ഡിസംബർ 15 മുതൽ സർവീസ് പുനരാരംഭിക്കാനാണ് തീരുമാനമായിരുന്നത്. നിയന്ത്രണമുള്ള 14 രാജ്യങ്ങൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾ പുനരാരംഭിക്കാനായിരുന്നു തീരുമാനം.