
മസ്‌കത്ത്: മസ്‌കത്തിലെ സ്വർണ്ണക്കടകളിൽ ഹാൾമാർക്കിംഗ് നിയമങ്ങൾ നടപ്പിലാക്കുന്നതിനായി ശക്തമായ പരിശോധന നടത്തി ഒമാൻ. വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് പരിശോധന നടത്തുന്നത്.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഹാൾമാർക്കിംഗ് നിയമങ്ങൾ നടപ്പിലാക്കുന്നത്. ചില്ലറ വ്യാപാരികൾ ദേശീയ ഹാൾമാർക്കിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും എല്ലാ സ്വർണ ഉൽപ്പന്നങ്ങളും ആവശ്യമായ പരിശുദ്ധിയും ആധികാരികതയും പാലിക്കുന്നുണ്ടെന്നും സംഘം പരിശോധിക്കും. ഒമാനി നിയമപ്രകാരം സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
സ്വർണാഭരണ മേഖലകളിൽ ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും വിപണി സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. ഒമാനിലെ മറ്റ് ഗവർണറേറ്റുകളിലേക്ക് വരുംദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.