ലിഥിയം ബാറ്ററികൾ, പവർ ബാങ്കുകൾ തുടങ്ങിയവയ്ക്കായി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

മസ്‌കത്ത്: ലിഥിയം ബാറ്ററികൾ, പവർ ബാങ്കുകൾ, സ്മാർട്ട് ബാഗുകൾ, ഇ- സിഗരറ്റുകൾ തുടങ്ങിയവ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഒമാൻ എയർ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. പവർ ബാങ്കുകൾ ഹാൻഡ് ലഗേജിൽ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം. യാത്രക്കിടെ ഇവ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്. ലേബൽ ഇല്ലാത്തതോ കേടായതോ ആയ പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടുപോകാനും കഴിയില്ല.

ബാറ്ററി മാറാൻ കഴിയാത്ത സ്മാർട്ട് ബാഗുകൾ ചെക്ക്- ഇൻ ബാഗേജായി സ്വീകരിക്കുന്നതല്ല. അതേസമയം, ബാറ്ററി മാറാൻ കഴിയുമെങ്കിൽ, ചെക്ക്-ഇൻ ചെയ്യുന്നതിന് മുൻപ് ബാറ്ററി ഊരി മാറ്റുകയും അത് വിമാനത്തിനകത്ത് ഹാൻഡ് ലഗേജായി കൊണ്ടുപോകുകയും വേണം. ഇ-സിഗരറ്റുകളും ഹാൻഡ് ബാഗേജിൽ മാത്രമേ അനുവദിക്കൂ. വിമാനത്തിനുള്ളിൽ ഇവ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല.

ഹോവർബോർഡുകൾ, ബാലൻസ് വീലുകൾ, മിനി-സ്‌കൂട്ടറുകൾ തുടങ്ങിയവ ഉൾപ്പെടെ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത യാത്രാ ഉപകരണങ്ങൾ ചെക്ക്-ഇൻ ലഗേജായും ക്യാരി ഓൺ ലഗേജായും വിമാനത്തിൽ അനുവദിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.