ഒമാനിൽ മാൽ കാർഡ് നാളെ പുറത്തിറക്കും

മസ്‌കത്ത്: ഒമാനിൽ പുതിയ ദേശീയ പേയ്മെന്റ് കാർഡായ മാൽ നാളെ പുറത്തിറക്കും. ഒമാൻ സെൻട്രൽ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് മാൽ കാർഡിന്റെ സോഫ്റ്റ് ലോഞ്ച് നടത്തുന്നത്. വിഷൻ 2040 ന്റെ ലക്ഷ്യങ്ങളിലൊന്നായ ഡിജിറ്റൽ പരിഷ്‌കരണം വേഗത്തിലാക്കുന്നതിനും ദേശീയ പേയ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക ചുവടുവെപ്പാണിത്.

ലോഞ്ചിങ് ദിനത്തിൽ തന്നെ സുൽത്താനേറ്റിലുലെ മിക്ക എടിഎമ്മുകളിലും ഇ-കൊമേഴ്‌സ് ഗേറ്റ്വേകളിലും കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താം. എന്നാൽ ചില പി.ഒ.എസ് ടെർമിനലുകൾ ആദ്യഘട്ടത്തിൽ പ്രവർത്തനക്ഷമമാകണമെന്നില്ലെന്നും ബാങ്കുകൾ ടെർമിനലുകളുടെ അപ്ഗ്രേഡേഷൻ പൂർത്തിയാക്കുന്നതേയുള്ളുവെന്നും അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നതാണ് മാൽ കാർഡിന്റെ പ്രത്യേകത. കാർഡ് ഇഷ്യൂ ചെയ്യുന്നതിനും റീ ഇഷ്യൂ ചെയ്യുന്നതിനും വാർഷിക ഫീസുകളും ഉണ്ടായിരിക്കില്ല. ഡെബിറ്റ്, പ്രീപെയ്ഡ് എന്നീ രണ്ട് വേർഷനുകളിലാണ് കാർഡ് നൽകുന്നത്. ഇതുവഴി എല്ലാതരം ഉപഭോക്താക്കൾക്കും കാർഡ് ലഭ്യമാകും.